ശ്രേയയുടെ വിധുരമീ യാത്ര....

on Wednesday, February 9, 2011

ഗദ്ദാമ എന്നാ ചിത്രം ഇനിയും കാണാന്‍ കഴിഞ്ഞില്ല.

പക്ഷെ അതിലെ ഒരു ഗാനം മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു. റഫീഖ് അഹമ്മദ് എഴുതി ബെന്നെറ്റ് - വീത് രാഗ് ഈണമിട്ട ഖവ്വാലി ചുവയുള്ള "വിധുരമീ യാത്ര...."

കാബൂളിവാല എന്നാ ചിത്രത്തിലും മറ്റു ചില ഹിന്ദി സിനിമകളിലെയും ഖവ്വാലി സ്പര്‍ശമുള്ള ഗാനങ്ങളുടെ ഓര്‍മ്മയുണര്‍ത്തുമെങ്കിലും അതിനെക്കാളേറെ മനസ്സിന്റെ ആഴങ്ങളിലെവിടെയൊക്കെയോ നോവിന്റെ വിങ്ങലുണര്‍ത്തുന്നുണ്ട് ഈ വിഷാദ വീചികള്‍...

പക്ഷെ ഏറ്റവും അമ്പരപ്പിച്ചത് അതൊന്നുമായിരുന്നില്ല. ബംഗാളിയായ ശ്രേയ ഘോഷാല്‍ എന്ന ഗായിക. അല്‍ക യാഗ്നിക്കിനെയും കവിത കൃഷ്ണമൂര്‍ത്തിയെയും പോലുള്ള ഗായികമാര്‍ ബോളീവൂഡില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെയാണ് ഇസ്മൈല്‍ ദര്‍ബാര്‍ ദേവദാസ് എന്ന വമ്പന്‍ ചിത്രത്തിലെ ഭൂരിഭാഗം ഗാനങ്ങളും പാടിച്ചു കൊണ്ട് ശ്രേയയെ സിനിമ ലോകത്തെത്തിച്ചത്. അതിനു മുന്‍പേ തന്നെ റിയാലിറ്റി ഷോ ജേതാവായി സംഗീത ലോകത്ത് പരിചിത ആയിരുന്നെങ്കിലും ദേവദാസ് പോലെ സംഗീത പ്രാധാന്യമുള്ള ചിത്രത്തില്‍ കൌമാരം വിടാത്ത പുതുമുഖം പ്രധാന ഗായികയായി വരുമെന്ന് ആരും കരുതിയില്ല. ചുരുങ്ങിയ കാലം കൊണ്ട് ചെറു പ്രായത്തില്‍ തന്നെ ഹിന്ദിയിലെയും തമിഴ് തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലും മുന്നിലെത്തിയ ശ്രേയ ഒരു വിസ്മയം തന്നെയാണ്... ഇന്ന് നമ്മുടെ റിയാലിറ്റി ഷോ താരങ്ങള്‍ എങ്ങുമെത്താതെ ഗാനമേളകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ചും....

മലയാളികളായ ഗായികമാര്‍ പാടുമ്പോള്‍ പോലും വാക്കുകള്‍ വ്യക്തമാകാതെ പോകുന്ന ഈ കാലത്ത് വ്യക്തമായ ഉച്ചാരണത്തോടെ തന്നെയാണ് തന്റെ മധുരമായ ശബ്ദത്തിലൂടെ ശ്രേയ ഈ മനോഹരഗാനം ഒഴുക്കി വിട്ടത്. ഓരോ വാക്കിന്റെയും ദൃഢതയും ഒഴുക്കും ചേര്‍ന്ന പക്വത നമ്മെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കാതിരിക്കില്ല. 2009 വര്‍ഷം ബനാറസ്‌ എന്ന ചിത്രത്തിലെ "മധുരം ഗായതി മീര" എന്ന ഗാനവും "ചാന്തു തോട്ടില്ലേ" എന്ന ഗാനവും ശ്രേയക്ക് മലയാള സംഗീത ലോകത്ത് വ്യക്തമായ ഒരു സ്ഥാനം നല്‍കിയിരുന്നു. എങ്കിലും ഗദ്ദാമയിലെ ഗാനം കൂടെ പാടുന്ന ഹരിഹരന്റെ ഭാവതീവ്രത കൂടെ ചേര്‍ന്നപ്പോള്‍ ഗാനം തികച്ചും അവിസ്മരണീയമായി.



കൂടെ മറ്റൊരു കാര്യം പറയാതെ വയ്യ. അത് റഫീഖ് അഹമ്മദിന്റെ വരികളാണ്. സിനിമാ ഗാനങ്ങള്‍ക്ക് സാഹിത്യ ഭംഗി വേണ്ട എന്ന കണ്ടെത്തലിന്റെ കാലഘട്ടത്തില്‍ ഗാനങ്ങള്‍ക്ക് അര്‍ത്ഥഗര്‍ഭവും കാവ്യ സുന്ദരവുമായ വരികള്‍ എത്ര അലങ്കാരമാണെന്ന് ഈ ഗാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തങ്ങള്‍ക്കു ലഭിക്കുന്ന പരിമിതമായ അവസരങ്ങളെ കൃത്യമായി ഉപയോഗിക്കുന്ന താരതമ്യേന പുതുമുഖങ്ങളായ ബെന്നറ്റും വീത് രാഗും മലയാള സിനിമാ സംഗീതത്തിന് പ്രതീക്ഷകള്‍ തന്നെയാണ്.

ഈ ബംഗാളി ഗായികയെ മലയാളത്തിലേക്ക് കൊണ്ട് വന്നതിനു അമല്‍ നീരദിന് നന്ദി. പഴയ കാലത്ത് അന്യ ഭാഷകളില്‍ നിന്നുള്ള ഗായികമാരുടെ ഒഴുക്കായിരുന്നു മലയാളത്തിലെക്കെങ്കില്‍ കഴിഞ്ഞ രണ്ടു ശതകങ്ങള്‍ അതിനു വിപരീതമായിരുന്നു. മലയാളികളായ ചിത്രയും സുജാതയും അതിരുകള്‍ കടന്നു മറുഭാഷകളിലും അവിഭാജ്യ ഘടകമായപ്പോള്‍ ഇവിടെ നമ്മുടെ ഗായികമാര്‍ തന്നെയായിരുന്നു കൂടുതലും. എന്നാല്‍ അവരുടെ തിരക്കിന്റെ കാലം കഴിഞ്ഞതോടെ വീണ്ടും മറുഭാഷ ഗായികമാരുടെ കണ്ഠങ്ങളിലേക്ക് മലയാള സിനിമാ സംഗീതം ഒതുങ്ങുകയാണോ?


വിധുരമീ യാത്ര




ഗായകര്‍ - ശ്രേയ ഘോഷാല്‍, ഹരിഹരന്‍
രചന - റഫീഖ് അഹമ്മദ്
സംഗീതം - ബെന്നെറ്റ് - വീത് രാഗ്
ചിത്രം - ഗദ്ദാമ


വിധുരമീ യാത്ര....നീളുമീ യാത്ര

വിധുരമീയാത്ര....നീളുമീ യാത്ര

അണയാതെ നീറും നോവുമായ്

അവിരാമമേതോ തേടലായ്

അവിരാമമേതോ തേടലായ്

രാവോ...പകലോ...വെയിലോ...നിഴലോ..

ഈ മൂകയാനം തീരുമോ

ദൂരങ്ങള്‍ വീണ്ടും നീളുമോ

ദൂരങ്ങള്‍ വീണ്ടും നീളുമോ

ദൂരങ്ങള്‍ വീണ്ടും നീളുമോ

ദൂരങ്ങള്‍ വീണ്ടും നീളുമോ



കാണാക്ഷതങ്ങള്‍ ...കീറും പദങ്ങള്‍

ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍

അടയുന്നു വീണ്ടും വാതായനങ്ങള്‍



മായുന്നു താരം...അകലുന്നു തീരം

നീറുന്നു വാനില്‍ സായാഹ്നമേഘം

ഏതോ നിലാവിന്‍ നീളും കരങ്ങള്‍

ഈ രാവിനെ പുല്‍കുമോ...

ഈ രാവിനെ പുല്‍കുമോ....



വിധുരമീ യാത്ര....നീളുമീ യാത്ര

വിധുരമീയാത്ര....നീളുമീ യാത്ര

അണയാതെ നീറും നോവുമായ്

അവിരാമമേതോ തേടലായ്

അവിരാമമേതോ തേടലായ്

അവിരാമമേതോ തേടലായ്

അവിരാമമേതോ തേടലായ്


ശ്രേയയുടെ ഇതു വരെയുള്ള മലയാള ഗാനങ്ങള്‍.

1. വിട പറയുകയാണോ - BIg B; സംഗീതം - അല്‍ഫോന്‍സ്‌ ജോസഫ്‌ (2007)
2. ചന്തു തോട്ടില്ലേ - ബനാറസ്‌; സംഗീതം - M. ജയചന്ദ്രന്‍ (2009)
3. മധുരം ഗായതി - ബനാറസ്‌; സംഗീതം - M. ജയചന്ദ്രന്‍ (2009)
4. അനുരാഗവിലോചനനായി - നീലത്താമര; സംഗീതം - വിദ്യാസാഗര്‍(2009)
5. വെണ്ണിലവേ - സാഗര്‍ ഏലിയാസ് ജാക്കി റീ ലോടഡ്‌: സംഗീതം - ഗോപി സുന്ദര്‍ (2009)
6. മഞ്ഞുമഴക്കാട്ടില്‍ - ആഗതന്‍; സംഗീതം - ഔസേപ്പച്ചന്‍ (2010)
7. കണ്ണിനിമ നീളെ - അന്‍വര്‍; സംഗീതം - ഗോപി സുന്ദര്‍ (2010)
8. കിഴക്ക് പൂക്കും - അന്‍വര്‍; സംഗീതം - ഗോപി സുന്ദര്‍ (2010)
9. വിധുരമീ യാത്ര - ഗദ്ദാമ; സംഗീതം - ബെന്നെറ്റ് - വീത് രാഗ് (2011)
10. പാട്ടിന്റെ പാല്‍ക്കടവില്‍ - ലിവിംഗ് ടുഗെതര്‍; സംഗീതം - M. ജയചന്ദ്രന്‍ (2011)