ദയവ് ചെയ്തു വായനക്കാരെ വിഡ്ഢികളാക്കരുത്.

on Friday, February 25, 2011


2011 ഫെബ്രുവരി ലക്കം മാസിക ശരിക്കും ക്രിക്കറ്റിനെ കുറിച്ചു പ്രത്യേകിച്ച് ലോകകപ്പിനെ കുറിച്ച് ഒരുപാട് വിവരങ്ങള്‍ പകര്‍ന്നു തന്നതായിരുന്നു എന്നതില്‍ ഒട്ടും തന്നെ സംശയമില്ല. എന്നാല്‍ യൂസഫ്‌ പഠാന്റെ മുഖചിത്രവുമായി ഇറങ്ങിയ പുസ്തകത്തിലെ 30 -ആം പേജില്‍ ഒരു ചിത്രമുണ്ട്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ ആണ്. "1992 -ലെ ലോകകപ്പ്‌ സെമി ഫൈനലില്‍ മഴ നിയമം എന്നാ ദുര്‍വിധിയെ തുടര്‍ന്ന് ഇംഗ്ലണ്ടിനു മുന്നില്‍ മുട്ടു മടക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍."

ഇനി ചിത്രം ഒന്ന് നോക്കാം.

സൌത്ത് ആഫ്രിക്ക ടു വിന്‍ നീഡ്‌ 22 റന്‍സ് ഓഫ് 1 ബോള്‍ എന്ന് തെളിഞ്ഞ ഇലക്ട്രോണിക് ബോര്‍ഡ് ഉണ്ട്. ഇരു വശങ്ങളിലുമായി പരസ്യ പലകകളും. താഴെ മൈതാനത്ത് നിന്ന് മടങ്ങുന്ന താരങ്ങളും.

ഇനി വായനക്കാരെ മാസിക വിഡ്ഢികളാക്കിയ സംഗതി.

ചിത്രത്തിലേക്ക് ഒന്ന് കൂടി വരാം. മുകളിലെ ഭാഗം അവിടെ കിടക്കട്ടെ. താഴെ മൈതാനത്ത് നിന്ന് മടങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണ്. എല്ലാരുടെയും മുഖം വ്യക്തമല്ലെങ്കിലും കുറഞ്ഞ പക്ഷം ഗ്രേയം സ്മിത്തിനെയും മാര്‍ക്ക് ബൗച്ചറിനേയും ജാക്ക് കാല്ലിസിനെയും തിരിച്ചറിയാവുന്നതാണ്. ഇവിടെയാണ്‌ മാസികയുടെ വക്ര ബുദ്ദി പാളിയത്. ഇപ്പറഞ്ഞ കളിക്കാരൊന്നും ആ ലോകകപ്പില്‍ ഉണ്ടായിരുന്നില്ല എന്ന് ആ ചിത്രത്തിനെ മുകളില്‍ കണ്ട ബോര്‍ഡിലെ കളിക്കാരുടെ പേരില്‍ നിന്നും തന്നെ അറിയാം. പോട്ടെ, അടുത്ത കാര്യം. വര്‍ണ്ണ കുപ്പായങ്ങള്‍ ആദ്യമായി അണിഞ്ഞ ലോക കപ്പായിരുന്നു അത്. പക്ഷെ ആ ലോകകപ്പിലും അതിനു ശേഷം ഇന്ത്യയില്‍ നടന്ന ലോകകപ്പിലും ജെഴ്സിയുടെ ഡിസൈന്‍ എല്ലാ ടീമിന്റെയും ഒന്നായിരുന്നു. നിറങ്ങളില്‍ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ. 1992 -ലെ ഡിസൈന്‍ എന്തായിരുന്നു എന്ന് മാസികയുടെ മറ്റു താളുകളില്‍ തന്നെ ഉണ്ട്. അടുത്തതാണ് മാസിക തയ്യാറാക്കുന്ന പണ്ഡിതന്മാരുടെ സാമാന്യ ബോധാമില്ലായമ വെളിവാക്കിയ കൃത്രിമത്വം. ബാറ്റു ചെയ്തു ജയിക്കാന്‍ 22 റണ്‍ വേണമെന്ന നിലയില്‍ പരാജയപ്പെട്ടു മടങ്ങുന്ന ദക്ഷിണാഫ്രിക്ക ടീം ഫീല്‍ഡിംഗ് കഴിഞ്ഞു വരുന്നതാണ് ചിത്രത്തില്‍. ബൌച്ചറുടെ കയ്യിലെ കീപ്പിംഗ് ഗ്ലൌസ് നോക്കുക. കയ്യില്‍ ഇല്ലാത്ത ഒരു ചിത്രം കൃത്രിമമായി ഉണ്ടാക്കുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ദിക്കുക. പലയിടത്തു നിന്ന് വെട്ടി വച്ച് പുതിയ ചിത്രങ്ങളുണ്ടാക്കാന്‍ ഫോട്ടോഷോപ്പ് മാത്രം ഉപയോഗിച്ചാല്‍ പോര കുറച്ചു ബുദ്ടിയും ബോധവും കൂടി ഉപയോഗിക്കുക.

വായനക്കാര്‍ വെറും വിഡ്ഢികള്‍ ആണെന്നാണ്‌ മാസിക വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്ക്ക് തെറ്റി എന്നെ പറയാനുള്ളൂ. കയ്യില്‍ അന്നത്തെ ഫോട്ടോ ഇല്ലെങ്കില്‍ കാണിക്കേണ്ട കാര്യമൊന്നുമില്ല. ആ ഫോട്ടോ ഇല്ലെങ്കിലും ആ ലേഖനം നന്നാകുമായിരുന്നു. പക്ഷെ ഇല്ലാത്ത ഒരു ഫോട്ടോ ഉണ്ടാക്കാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ശ്രമിക്കുമ്പോള്‍ മാസികയുടെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ഇത് വെറും കളിയല്ലേ, അതില്‍ കുറച്ചു കള്ളത്തരമൊക്കെ ആവാം എന്നാണെങ്കില്‍ ഒന്നും പറയാനില്ല.

നടുനിസി നായ്ക്കള്‍

on Thursday, February 24, 2011

രോഗിയെയോ രോഗത്തെയോ ചികിത്സിക്കേണ്ടത്? കുറ്റവാളിയെയോ കുറ്റത്തെയോ ശിക്ഷിക്കേണ്ടത്?

ഒരുപാട് അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നാം കേട്ട് കഴിഞ്ഞതാണ്. ഗൌതം മേനോന്‍ തന്റെ പുതിയ ചിത്രവുമായി എത്തിയിരിക്കുനത് ഇത്തരം ചില ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് തന്നെയാണ്. പലപ്പോഴും തോന്നിയിട്ടുണ്ട് ഭയം കൊണ്ടുള്ള അനുസരണം ഒരു അഭിനയം മാത്രമല്ലേ? നിയമം എന്ന സമൂഹത്തിന്റെ കാവലാളിനോടുള്ള ഭയം. അത് കൊണ്ട് തന്നെയല്ലേ നിയമത്തിന്റെ കണ്ണുകളെ മറച്ചു കൊണ്ട് അനുസരണക്കേട്‌ കാട്ടാന്‍ നമ്മള്‍ ശ്രമിക്കുന്നതും. യദാര്‍ഥത്തില്‍ ഇപ്പോഴും നമ്മെപ്പോലെ മറ്റുള്ളവര്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും എല്ലാവരും തുല്യരാണെന്നും ഉള്ള അടിസ്ഥാന പാഠങ്ങള്‍ നമ്മുടെ മനസ് ഉള്‍ക്കൊണ്ടിട്ടില്ല എന്നത് തന്നെയാണ് ഇത്തരം വ്യായാമങ്ങള്‍ വ്യക്തമാക്കുന്നത്.

"The safest way to get a thing is to be deserved for that" എന്നൊരു വാചകം ഓര്‍ക്കുക. പക്ഷെ ഓരോ കാര്യം നമ്മള്‍ക്ക് അര്‍ഹതപ്പെട്ടതാണെങ്കില്‍ കൂടെ അത് നേടിയെടുക്കാന്‍ അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ പോകാനാണ് നമ്മള്‍ മലയാളികള്‍ക്ക് താല്പര്യം. ആ ഒരു മാനസികാവസ്ഥയാണ് സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ ഒരുക്കുന്നതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത്. അതെ, യദാര്‍ഥത്തില്‍ നാം ഓരോരുത്തരും മനസുകൊണ്ട് ക്രിമിനലുകളാണ്. നിയമത്തിന്റെ കണ്ണിനു മറകെട്ടാന്‍ ഒരു നിമിഷം സാധിച്ചാല്‍ തനി നിറം പുറത്തെടുക്കുന്ന ക്രിമിനലുകള്‍. അടക്കപ്പെട്ട കുറ്റവാസനയുമായി നടക്കുന്ന പരസ്പരമുള്ള ഭയം കൊണ്ട് മാത്രം തന്റെ മനസിന്റെ ചോദനകളെ അടക്കി നിര്‍ത്തുന്ന സമൂഹത്തിന്റെ അവസ്ഥയെ സ്ഫോടനത്മകം എന്ന് പറഞ്ഞാല്‍ വളരെ കുറഞ്ഞു പോയെന്നു വരാം. എന്നാല്‍ ഇടയ്ക്കിടെ ഉയരുന്ന ചെറു ചീറ്റലുകള്‍ വിരല്‍ ചൂണ്ടുന്നത് പുകഞ്ഞുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ആ അവസ്ഥയെ തന്നെയാണ്.



എന്തുകൊണ്ട് നാം ഇങ്ങനെ? എല്ലാവരും ചോദിക്കുന്നുണ്ട്. പരസ്പരം പഴിചാരലുകളില്‍ മാത്രം ഒടുങ്ങുന്ന ഇത്തരം ചര്‍ച്ചകള്‍.... മറ്റുള്ളവരിലെ കുറ്റവാസന കണ്ടെത്താനുള്ള നാട്യങ്ങള്‍ക്കപ്പുറം സ്വന്തം മനസിന്റെ ആഴങ്ങളിലേക്ക് ഒന്ന് എത്തി നോക്കിയെങ്കില്‍.... സ്വന്തം മനസ്സില്‍ കുറ്റവാസനയുടെ തരി പോലും ഇല്ല എന്ന് ആത്മാര്‍ഥമായി പറയാനുള്ള ധൈര്യം ആര്‍ക്കുണ്ടാകും - അനര്‍ഹമായതിനെ സ്വന്തമാക്കാനുള്ള മനസിന്റെ ചോദനകളെ നിയന്ത്രിക്കുക എന്നതിന് പകരം അനര്‍ഹമായതിനെ ആഗ്രഹം ഉണ്ടാകാതിരുന്നില്ലെങ്കില്‍...??? അതെ, നമ്മള്‍ ശരിക്കും സ്വാര്‍ഥരാണ്‌. അല്ലെ....

പറഞ്ഞു പറഞ്ഞു സിനിമ അകന്നു പോയി. നടുനിസി നായ്ക്കള്‍ മേല്‍ പറഞ്ഞ വസ്തുതകള്‍ തന്നെയാണ് പ്രമേയമാക്കിയത്‌. ചുറ്റുപാടുകള്‍ മുറിവേല്‍പ്പിച്ച മനസ്സുമായി ജീവിക്കേണ്ടി വന്ന ഒരു യുവാവിന്റെ കഥയാണ് ഗൌതം ഇത്തവണ ചിത്രീകരിച്ചത്. കഥയെക്കാള്‍ ഉപരി അതിന്റെ ചിത്രീകരണമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. കഥയെപറ്റി ഏറെ ഒന്നും പറയുന്നില്ല. സിനിമയെക്കുറിച്ചുള്ള നിരൂപണങ്ങള്‍ സൈറ്റുകളില്‍ വരുന്നുണ്ട്. അത് കൊണ്ട് ഞാന്‍ അതിനു മുതിരുന്നില്ല. എങ്കിലും സിനിമ ഉണര്‍ത്തി വിട്ട ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വച്ചു എന്ന് മാത്രം. എങ്കിലും ഒന്ന് മാത്രം പറയട്ടെ പലരും പറയും പോലെ ചിത്രം പരാജയപ്പെട്ട പരീക്ഷണമാണെന്നോ നിരാഷപ്പെടുത്തുന്നതാനെന്നോ എനിക്ക് തോന്നിയില്ല.

എന്തൊക്കെ ആയാലും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും സാങ്കേതിക മികവും ഉള്ള നടിനിസി നായ്ക്കള്‍ കാണാതെ വിട്ടു കളയേണ്ട ഒരു ചിത്രമാണ് എന്ന് ഒരിക്കലും തോന്നിയില്ല. പിന്നെ സിഗപ്പു രോജാക്കളും അന്ന്യനും സൈക്കോയും ചിലപ്പോഴൊക്കെ കാതല്‍ കൊണ്ടെനും ഒക്കെ ഓര്‍മ്മ വരുമെങ്കിലും ഈ ചിത്രം അതിനെക്കാള്‍ ഒക്കെ വ്യത്യസ്തമാണെന്ന് തന്നെയാണ് എനിക്ക് തോന്നിയത്. എന്തായാലും നിങ്ങള്‍ കണ്ടു അഭിപ്രായം അറിയിക്കണേ..



അമ്പരപ്പിച്ചത് മറ്റൊരു കാര്യമാണ്. മികച്ച ശ്രവണ സുന്ദരമായ ഗാനങ്ങളും അതിന്റെ ചിത്രീകരണവും എന്നും ഗൌതം മേനോന്‍ ചിത്രങ്ങളുടെ പ്രത്യേകത ആയിരുന്നു. എന്നാല്‍ പാശ്ചാത്തല സംഗീതം പോലുമില്ലാതെ എന്നാല്‍ അതിന്റെ അഭാവം ഒട്ടും അറിയിക്കാതെയാണ് ഗൌതം നടുനിസി നായ്ക്കള്‍ ഒരുക്കിയിരിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ പാശ്ചാത്തല സംഗീതം സിനിമക്ക് അവിഭാജ്യ ഘടകമാണ് എന്ന ചിന്ത കൂടിയാണ് തകര്‍ക്കപ്പെട്ടത്.

ശ്രേയയുടെ വിധുരമീ യാത്ര....

on Wednesday, February 9, 2011

ഗദ്ദാമ എന്നാ ചിത്രം ഇനിയും കാണാന്‍ കഴിഞ്ഞില്ല.

പക്ഷെ അതിലെ ഒരു ഗാനം മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു. റഫീഖ് അഹമ്മദ് എഴുതി ബെന്നെറ്റ് - വീത് രാഗ് ഈണമിട്ട ഖവ്വാലി ചുവയുള്ള "വിധുരമീ യാത്ര...."

കാബൂളിവാല എന്നാ ചിത്രത്തിലും മറ്റു ചില ഹിന്ദി സിനിമകളിലെയും ഖവ്വാലി സ്പര്‍ശമുള്ള ഗാനങ്ങളുടെ ഓര്‍മ്മയുണര്‍ത്തുമെങ്കിലും അതിനെക്കാളേറെ മനസ്സിന്റെ ആഴങ്ങളിലെവിടെയൊക്കെയോ നോവിന്റെ വിങ്ങലുണര്‍ത്തുന്നുണ്ട് ഈ വിഷാദ വീചികള്‍...

പക്ഷെ ഏറ്റവും അമ്പരപ്പിച്ചത് അതൊന്നുമായിരുന്നില്ല. ബംഗാളിയായ ശ്രേയ ഘോഷാല്‍ എന്ന ഗായിക. അല്‍ക യാഗ്നിക്കിനെയും കവിത കൃഷ്ണമൂര്‍ത്തിയെയും പോലുള്ള ഗായികമാര്‍ ബോളീവൂഡില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെയാണ് ഇസ്മൈല്‍ ദര്‍ബാര്‍ ദേവദാസ് എന്ന വമ്പന്‍ ചിത്രത്തിലെ ഭൂരിഭാഗം ഗാനങ്ങളും പാടിച്ചു കൊണ്ട് ശ്രേയയെ സിനിമ ലോകത്തെത്തിച്ചത്. അതിനു മുന്‍പേ തന്നെ റിയാലിറ്റി ഷോ ജേതാവായി സംഗീത ലോകത്ത് പരിചിത ആയിരുന്നെങ്കിലും ദേവദാസ് പോലെ സംഗീത പ്രാധാന്യമുള്ള ചിത്രത്തില്‍ കൌമാരം വിടാത്ത പുതുമുഖം പ്രധാന ഗായികയായി വരുമെന്ന് ആരും കരുതിയില്ല. ചുരുങ്ങിയ കാലം കൊണ്ട് ചെറു പ്രായത്തില്‍ തന്നെ ഹിന്ദിയിലെയും തമിഴ് തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലും മുന്നിലെത്തിയ ശ്രേയ ഒരു വിസ്മയം തന്നെയാണ്... ഇന്ന് നമ്മുടെ റിയാലിറ്റി ഷോ താരങ്ങള്‍ എങ്ങുമെത്താതെ ഗാനമേളകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ചും....

മലയാളികളായ ഗായികമാര്‍ പാടുമ്പോള്‍ പോലും വാക്കുകള്‍ വ്യക്തമാകാതെ പോകുന്ന ഈ കാലത്ത് വ്യക്തമായ ഉച്ചാരണത്തോടെ തന്നെയാണ് തന്റെ മധുരമായ ശബ്ദത്തിലൂടെ ശ്രേയ ഈ മനോഹരഗാനം ഒഴുക്കി വിട്ടത്. ഓരോ വാക്കിന്റെയും ദൃഢതയും ഒഴുക്കും ചേര്‍ന്ന പക്വത നമ്മെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കാതിരിക്കില്ല. 2009 വര്‍ഷം ബനാറസ്‌ എന്ന ചിത്രത്തിലെ "മധുരം ഗായതി മീര" എന്ന ഗാനവും "ചാന്തു തോട്ടില്ലേ" എന്ന ഗാനവും ശ്രേയക്ക് മലയാള സംഗീത ലോകത്ത് വ്യക്തമായ ഒരു സ്ഥാനം നല്‍കിയിരുന്നു. എങ്കിലും ഗദ്ദാമയിലെ ഗാനം കൂടെ പാടുന്ന ഹരിഹരന്റെ ഭാവതീവ്രത കൂടെ ചേര്‍ന്നപ്പോള്‍ ഗാനം തികച്ചും അവിസ്മരണീയമായി.



കൂടെ മറ്റൊരു കാര്യം പറയാതെ വയ്യ. അത് റഫീഖ് അഹമ്മദിന്റെ വരികളാണ്. സിനിമാ ഗാനങ്ങള്‍ക്ക് സാഹിത്യ ഭംഗി വേണ്ട എന്ന കണ്ടെത്തലിന്റെ കാലഘട്ടത്തില്‍ ഗാനങ്ങള്‍ക്ക് അര്‍ത്ഥഗര്‍ഭവും കാവ്യ സുന്ദരവുമായ വരികള്‍ എത്ര അലങ്കാരമാണെന്ന് ഈ ഗാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തങ്ങള്‍ക്കു ലഭിക്കുന്ന പരിമിതമായ അവസരങ്ങളെ കൃത്യമായി ഉപയോഗിക്കുന്ന താരതമ്യേന പുതുമുഖങ്ങളായ ബെന്നറ്റും വീത് രാഗും മലയാള സിനിമാ സംഗീതത്തിന് പ്രതീക്ഷകള്‍ തന്നെയാണ്.

ഈ ബംഗാളി ഗായികയെ മലയാളത്തിലേക്ക് കൊണ്ട് വന്നതിനു അമല്‍ നീരദിന് നന്ദി. പഴയ കാലത്ത് അന്യ ഭാഷകളില്‍ നിന്നുള്ള ഗായികമാരുടെ ഒഴുക്കായിരുന്നു മലയാളത്തിലെക്കെങ്കില്‍ കഴിഞ്ഞ രണ്ടു ശതകങ്ങള്‍ അതിനു വിപരീതമായിരുന്നു. മലയാളികളായ ചിത്രയും സുജാതയും അതിരുകള്‍ കടന്നു മറുഭാഷകളിലും അവിഭാജ്യ ഘടകമായപ്പോള്‍ ഇവിടെ നമ്മുടെ ഗായികമാര്‍ തന്നെയായിരുന്നു കൂടുതലും. എന്നാല്‍ അവരുടെ തിരക്കിന്റെ കാലം കഴിഞ്ഞതോടെ വീണ്ടും മറുഭാഷ ഗായികമാരുടെ കണ്ഠങ്ങളിലേക്ക് മലയാള സിനിമാ സംഗീതം ഒതുങ്ങുകയാണോ?


വിധുരമീ യാത്ര




ഗായകര്‍ - ശ്രേയ ഘോഷാല്‍, ഹരിഹരന്‍
രചന - റഫീഖ് അഹമ്മദ്
സംഗീതം - ബെന്നെറ്റ് - വീത് രാഗ്
ചിത്രം - ഗദ്ദാമ


വിധുരമീ യാത്ര....നീളുമീ യാത്ര

വിധുരമീയാത്ര....നീളുമീ യാത്ര

അണയാതെ നീറും നോവുമായ്

അവിരാമമേതോ തേടലായ്

അവിരാമമേതോ തേടലായ്

രാവോ...പകലോ...വെയിലോ...നിഴലോ..

ഈ മൂകയാനം തീരുമോ

ദൂരങ്ങള്‍ വീണ്ടും നീളുമോ

ദൂരങ്ങള്‍ വീണ്ടും നീളുമോ

ദൂരങ്ങള്‍ വീണ്ടും നീളുമോ

ദൂരങ്ങള്‍ വീണ്ടും നീളുമോ



കാണാക്ഷതങ്ങള്‍ ...കീറും പദങ്ങള്‍

ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍

അടയുന്നു വീണ്ടും വാതായനങ്ങള്‍



മായുന്നു താരം...അകലുന്നു തീരം

നീറുന്നു വാനില്‍ സായാഹ്നമേഘം

ഏതോ നിലാവിന്‍ നീളും കരങ്ങള്‍

ഈ രാവിനെ പുല്‍കുമോ...

ഈ രാവിനെ പുല്‍കുമോ....



വിധുരമീ യാത്ര....നീളുമീ യാത്ര

വിധുരമീയാത്ര....നീളുമീ യാത്ര

അണയാതെ നീറും നോവുമായ്

അവിരാമമേതോ തേടലായ്

അവിരാമമേതോ തേടലായ്

അവിരാമമേതോ തേടലായ്

അവിരാമമേതോ തേടലായ്


ശ്രേയയുടെ ഇതു വരെയുള്ള മലയാള ഗാനങ്ങള്‍.

1. വിട പറയുകയാണോ - BIg B; സംഗീതം - അല്‍ഫോന്‍സ്‌ ജോസഫ്‌ (2007)
2. ചന്തു തോട്ടില്ലേ - ബനാറസ്‌; സംഗീതം - M. ജയചന്ദ്രന്‍ (2009)
3. മധുരം ഗായതി - ബനാറസ്‌; സംഗീതം - M. ജയചന്ദ്രന്‍ (2009)
4. അനുരാഗവിലോചനനായി - നീലത്താമര; സംഗീതം - വിദ്യാസാഗര്‍(2009)
5. വെണ്ണിലവേ - സാഗര്‍ ഏലിയാസ് ജാക്കി റീ ലോടഡ്‌: സംഗീതം - ഗോപി സുന്ദര്‍ (2009)
6. മഞ്ഞുമഴക്കാട്ടില്‍ - ആഗതന്‍; സംഗീതം - ഔസേപ്പച്ചന്‍ (2010)
7. കണ്ണിനിമ നീളെ - അന്‍വര്‍; സംഗീതം - ഗോപി സുന്ദര്‍ (2010)
8. കിഴക്ക് പൂക്കും - അന്‍വര്‍; സംഗീതം - ഗോപി സുന്ദര്‍ (2010)
9. വിധുരമീ യാത്ര - ഗദ്ദാമ; സംഗീതം - ബെന്നെറ്റ് - വീത് രാഗ് (2011)
10. പാട്ടിന്റെ പാല്‍ക്കടവില്‍ - ലിവിംഗ് ടുഗെതര്‍; സംഗീതം - M. ജയചന്ദ്രന്‍ (2011)

അശ്രുപൂക്കള്‍.......

on Tuesday, February 8, 2011



നമുക്കിടയില്‍ നിന്നും ഒരു പൂവ് കൊഴിഞ്ഞു വീണിരിക്കുന്നു...

ക്രൂരമായി പിച്ചി ചീന്തപ്പെട്ട്....

അവള്‍ ആരായിരുന്നു?

അവള്‍ ഇന്നലെ വരെ നമുക്ക് അജ്ഞാതയായിരുന്നു... ഇന്ന് നമ്മുടെ ആരൊക്കെയോ ആണവള്‍..... പ്രിയപ്പെട്ടവരുടെ വേര്‍പാടിലെന്നവണ്ണം തേങ്ങുന്ന നമ്മുടെ ഓരോ മനസ്സിനും അവള്‍ കൂട്ടുകാരിയാണ്‌... സഹോദരിയാണ്... മകളാണ്...

ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന നടുക്കത്തില്‍ നിന്നും മാത്രമേ പഠിക്കൂ എന്ന് നമ്മള്‍ ശഠിച്ചാല്‍ -
ഇനിയും ഒരുപാട് വേഷങ്ങളില്‍ ഗോവിന്ദ ചാമിമാര്‍ നമ്മെ, നമുക്ക് പ്രിയപ്പെട്ടവരെ വേട്ടയാടാനെത്തും.... ഒന്നുറക്കെ കരയാനാവാതെ പിടഞ്ഞു വീഴുന്ന ഇരകളെ നാം സഹോദരിമാരും മക്കളും കൂട്ടുകാരിയും ഒക്കെയാക്കി ഇനിയും കണ്ണീര്‍ വാര്‍ക്കും... അതാണോ അവര്‍ക്ക് വേണ്ടി ചെയ്യാനുള്ളത്?

ഓര്‍മ്മ വരുന്നത് സമാനമായ ദുരന്തം നേരിട്ട മറ്റൊരു സഹോദരിയെ ആണ്. ബ്ലോഗിലെ ഒരു പോസ്റ്റില്‍ വായിച്ച കഥ ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. സൌമ്യ നാല് ദിവസം അനുഭവിച്ചത് നീണ്ട മുപ്പത്തഞ്ചു വര്‍ഷത്തിലേറെയായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീ.... അതെ നമ്മുടെയൊക്കെ സഹോദരി... മകള്‍... കൂട്ടുകാരി....

വിവാഹ സ്വപ്നങ്ങളുമായി സന്തോഷവതിയായി കഴിഞ്ഞിരുന്ന അവളുടെ നേരെ ഒരു ഗോവിന്ദ ചാമി വന്നത് കൂടെ ജോലി ചെയ്യുന്ന സോഹന്‍ ലാല്‍ വാല്മീകിയുടെ രൂപത്തിലായിരുന്നു...

സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി വാ തോരാതെ പ്രസംഗിക്കുന്നവര്‍ അവളുടെ സുരക്ഷിതത്വത്തെ പലപ്പോഴും മറക്കുകയാണ്... പലപ്പോഴും സ്വാതന്ത്ര്യത്തിനു പിന്നാലെ പായുമ്പോള്‍ നാം സുരക്ഷിതത്വത്തില്‍ നിന്നും അകലുകയാണ്... അവ രണ്ടും ഒരു പോലെ അനുഭവവേദ്യമാകണമെങ്കില്‍ സമൂഹത്തിനെ മാനസികാവസ്ഥ മാറാതെ വയ്യ. പക്ഷെ അത് തീര്‍ത്തും സ്വാഭാവികമായ മാറ്റം ആയിരിക്കണം... നിര്‍ബന്ധപൂര്‍വ്വമായ മാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ പക്ഷെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളിലേക്ക് മാത്രമേ നയിക്കൂ... എങ്കിലും സൌമ്യമാരെ ഓര്‍ത്തുകൊണ്ട്‌ പറയട്ടെ, പലപ്പോഴും സുരക്ഷ നല്‍കേണ്ടവര്‍ തന്നെ അവരെ വേട്ടയാടുമ്പോള്‍... സ്വയം പ്രതിരോധ സജ്ജരാവുക എന്നത് തന്നെയാണ് ഏറ്റവും പ്രായോഗികമായ പ്രതിവിധി... സത്യത്തില്‍ ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല... ലൈംഗിക ചൂഷണങ്ങള്‍ക്കല്ലെങ്കിലും പുരുസന്മാരും പൂര്‍ണ്ണമായും സുരക്ഷിതരാണെന്ന് ആര്‍ക്കു അവകാശപ്പെടാനാകും... കുറഞ്ഞ പക്ഷം ജീവന് സുരക്ഷ നല്‍കാനുള്ള ചുമതലയെങ്കിലും നമ്മുടെ ഭരണകൂടങ്ങള്‍ക്കില്ലേ.... ഒടുവില്‍ ഭരണകൂടത്തെ നയിക്കുന്നവര്‍ തന്നെ വേട്ട നയിക്കുമ്പോള്‍.... കണ്മുന്നില്‍ വച്ചുള്ള ആക്രമണങ്ങളില്‍ നിന്നും സമൂഹം നമ്മെ സംരക്ഷിക്കും എന്ന് തന്നെ കരുതാം... എങ്കിലും അതിനേക്കാള്‍ സ്വയം സജ്ജരാവുക എന്നത് തന്നെയാണ് നമുക്ക് മുന്നിലുള്ള സുരക്ഷിതമായ വഴി...

പ്രിയപ്പെട്ട കൂട്ടുകാരിക്ക് അശ്രുപുഷ്പങ്ങള്‍....