ദയവ് ചെയ്തു വായനക്കാരെ വിഡ്ഢികളാക്കരുത്.

on Friday, February 25, 2011


2011 ഫെബ്രുവരി ലക്കം മാസിക ശരിക്കും ക്രിക്കറ്റിനെ കുറിച്ചു പ്രത്യേകിച്ച് ലോകകപ്പിനെ കുറിച്ച് ഒരുപാട് വിവരങ്ങള്‍ പകര്‍ന്നു തന്നതായിരുന്നു എന്നതില്‍ ഒട്ടും തന്നെ സംശയമില്ല. എന്നാല്‍ യൂസഫ്‌ പഠാന്റെ മുഖചിത്രവുമായി ഇറങ്ങിയ പുസ്തകത്തിലെ 30 -ആം പേജില്‍ ഒരു ചിത്രമുണ്ട്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ ആണ്. "1992 -ലെ ലോകകപ്പ്‌ സെമി ഫൈനലില്‍ മഴ നിയമം എന്നാ ദുര്‍വിധിയെ തുടര്‍ന്ന് ഇംഗ്ലണ്ടിനു മുന്നില്‍ മുട്ടു മടക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍."

ഇനി ചിത്രം ഒന്ന് നോക്കാം.

സൌത്ത് ആഫ്രിക്ക ടു വിന്‍ നീഡ്‌ 22 റന്‍സ് ഓഫ് 1 ബോള്‍ എന്ന് തെളിഞ്ഞ ഇലക്ട്രോണിക് ബോര്‍ഡ് ഉണ്ട്. ഇരു വശങ്ങളിലുമായി പരസ്യ പലകകളും. താഴെ മൈതാനത്ത് നിന്ന് മടങ്ങുന്ന താരങ്ങളും.

ഇനി വായനക്കാരെ മാസിക വിഡ്ഢികളാക്കിയ സംഗതി.

ചിത്രത്തിലേക്ക് ഒന്ന് കൂടി വരാം. മുകളിലെ ഭാഗം അവിടെ കിടക്കട്ടെ. താഴെ മൈതാനത്ത് നിന്ന് മടങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണ്. എല്ലാരുടെയും മുഖം വ്യക്തമല്ലെങ്കിലും കുറഞ്ഞ പക്ഷം ഗ്രേയം സ്മിത്തിനെയും മാര്‍ക്ക് ബൗച്ചറിനേയും ജാക്ക് കാല്ലിസിനെയും തിരിച്ചറിയാവുന്നതാണ്. ഇവിടെയാണ്‌ മാസികയുടെ വക്ര ബുദ്ദി പാളിയത്. ഇപ്പറഞ്ഞ കളിക്കാരൊന്നും ആ ലോകകപ്പില്‍ ഉണ്ടായിരുന്നില്ല എന്ന് ആ ചിത്രത്തിനെ മുകളില്‍ കണ്ട ബോര്‍ഡിലെ കളിക്കാരുടെ പേരില്‍ നിന്നും തന്നെ അറിയാം. പോട്ടെ, അടുത്ത കാര്യം. വര്‍ണ്ണ കുപ്പായങ്ങള്‍ ആദ്യമായി അണിഞ്ഞ ലോക കപ്പായിരുന്നു അത്. പക്ഷെ ആ ലോകകപ്പിലും അതിനു ശേഷം ഇന്ത്യയില്‍ നടന്ന ലോകകപ്പിലും ജെഴ്സിയുടെ ഡിസൈന്‍ എല്ലാ ടീമിന്റെയും ഒന്നായിരുന്നു. നിറങ്ങളില്‍ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ. 1992 -ലെ ഡിസൈന്‍ എന്തായിരുന്നു എന്ന് മാസികയുടെ മറ്റു താളുകളില്‍ തന്നെ ഉണ്ട്. അടുത്തതാണ് മാസിക തയ്യാറാക്കുന്ന പണ്ഡിതന്മാരുടെ സാമാന്യ ബോധാമില്ലായമ വെളിവാക്കിയ കൃത്രിമത്വം. ബാറ്റു ചെയ്തു ജയിക്കാന്‍ 22 റണ്‍ വേണമെന്ന നിലയില്‍ പരാജയപ്പെട്ടു മടങ്ങുന്ന ദക്ഷിണാഫ്രിക്ക ടീം ഫീല്‍ഡിംഗ് കഴിഞ്ഞു വരുന്നതാണ് ചിത്രത്തില്‍. ബൌച്ചറുടെ കയ്യിലെ കീപ്പിംഗ് ഗ്ലൌസ് നോക്കുക. കയ്യില്‍ ഇല്ലാത്ത ഒരു ചിത്രം കൃത്രിമമായി ഉണ്ടാക്കുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ദിക്കുക. പലയിടത്തു നിന്ന് വെട്ടി വച്ച് പുതിയ ചിത്രങ്ങളുണ്ടാക്കാന്‍ ഫോട്ടോഷോപ്പ് മാത്രം ഉപയോഗിച്ചാല്‍ പോര കുറച്ചു ബുദ്ടിയും ബോധവും കൂടി ഉപയോഗിക്കുക.

വായനക്കാര്‍ വെറും വിഡ്ഢികള്‍ ആണെന്നാണ്‌ മാസിക വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്ക്ക് തെറ്റി എന്നെ പറയാനുള്ളൂ. കയ്യില്‍ അന്നത്തെ ഫോട്ടോ ഇല്ലെങ്കില്‍ കാണിക്കേണ്ട കാര്യമൊന്നുമില്ല. ആ ഫോട്ടോ ഇല്ലെങ്കിലും ആ ലേഖനം നന്നാകുമായിരുന്നു. പക്ഷെ ഇല്ലാത്ത ഒരു ഫോട്ടോ ഉണ്ടാക്കാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ശ്രമിക്കുമ്പോള്‍ മാസികയുടെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ഇത് വെറും കളിയല്ലേ, അതില്‍ കുറച്ചു കള്ളത്തരമൊക്കെ ആവാം എന്നാണെങ്കില്‍ ഒന്നും പറയാനില്ല.